coming soon
cherian p cherian

 

ഒരു കാലഘട്ടത്തിന്റെ നാഡീ സ്പന്ദനം.

ഒരു വിശ്വ പ്രസിദ്ധ മഹദ്വചനം ഇങ്ങനെ: “ലോകത്തില്‍ മാറ്റമില്ലാത്തത് ഒന്നേയുള്ളൂ അത് മാറ്റം മാത്രമാണ്”. പഴമയില്‍ നിന്നും പുതുമയിലേക്കുള്ള കുതിച്ചുചാട്ടമാണ് മാറ്റം. മാറ്റം അനിഷേധ്യമാണ്, അനിവാര്യമാണ്. മാറ്റത്തിനൊപ്പം മാറാനുള്ള ആര്‍ജ്ജവം മനുഷ്യന്‍ സ്വായത്തമാക്കിയേ മതിയാവൂ. അല്ലെങ്കില്‍ അവന്‍ അപൂര്‍ണ്ണനാണ്. അത് അവനെ എവിടെയും കൊണ്ടെത്തിക്കുകയില്ല. നാഴികമണിയുടെ സൂചി ചലിക്കുന്നില്ലെങ്കില്‍ അത് നിര്‍ജ്ജീവമാണ്. മറിച്ചായാല്‍ അതിന് ജീവനുണ്ട്. അപ്പോള്‍ സമയസൂചിക കൃത്യമായി അത് വിളംബരം ചെയ്തുകൊണ്ടിരിക്കും. “കോതമ്പുമണി നിലത്തു വീണ് ചാകുന്നില്ലെങ്കില്‍ അത് തനിയെ ഇരിക്കും. ചത്തു എങ്കിലോ അത് വളരെ ഫലം കായ്ക്കും”. നാഴിക മണിക്കും കോതമ്പുമണിക്കും സമാനമാണ് വായന എന്ന പ്രക്രിയ.

വായനയെപ്പറ്റി കവി കുഞ്ഞുണ്ണി മാഷ് പറയുന്നത് കേള്‍ക്കുക “വാസനയ്ക്കു വായന വളം.” വായിച്ചു വളര്‍ന്നാല്‍ വിളയും, വായിക്കാതെ വളര്‍ന്നാല്‍ വളയും വിളവാണോ വളവാണോ മനുഷ്യകുലത്തിനിന്നാവശ്യം. നൂറുമേനി വിളവ് എടുക്കാനാണ് മനുഷ്യന്‍ ആഗ്രഹിക്കുന്നത്. അല്ലാതെ വളഞ്ഞുകുത്തി സ്വയം നശിക്കാനല്ല. നല്ല വിളവിന് സ്വയം ഹോമിക്കപ്പെടണം അതിന് നാം തയ്യാറാകണം.

വായനയുടെ മഹത്വത്തെപ്പറ്റി പല മഹാന്‍മാരും പരാമർശിച്ചിട്ടുണ്ട്. ഒരിക്കല്‍ ക്രിസോസ്റ്റം തിരുമേനി മാരാമണ്‍ മഹായോഗത്തില്‍ പറഞ്ഞു. “ഞാന്‍ വേദപുസ്തകം വായിക്കാറില്ല. എന്നാല്‍ എല്ലാദിവസവും മനോരമ പത്രം വായിക്കും”. കേട്ടവരെല്ലാം അന്തം വിട്ടു. തൊട്ടടുത്ത വാചകത്തിലൂടെ തിരുമേനി അതിന്റെ പൊരുളു വെളിപ്പെടുത്തിയപ്പോള്‍ കേഴ്‌വിക്കാരുടെ അങ്കലാപ്പ് മാറി. ആശ്വസ നിശ്വാസമുതിർത്തു. തിരുമേനിയുടെ വിശദീകരണം ഇങ്ങനെ. “വേദപുസ്തകം വായിക്കാനുള്ളതല്ല മറിച്ച് പഠിക്കാനുള്ളതാണ്. മനോരമ വായിക്കാനുള്ളതും”.

വായനയെപ്പറ്റി ചിലത് പറയാനുണ്ട്. ഉപരിപ്ലവമായ വായന വേണ്ടന്നു വെക്കണം. ആഴത്തിലുള്ള വായനയാണ് ആവശ്യം. രചനയുടെ അന്തഃസത്ത വായിച്ചെടുക്കാന്‍ അതിന്റെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങണം. അപ്പോള്‍ കിട്ടുന്ന ഒരു ആത്മസുഖം അവാച്യമാണ്. അപരമേയമാണ്. വായനയുടെ അത്യന്തിക ലക്ഷ്യവും അതുതന്നെയാവണം. അതുകൊണ്ട് വായിക്കേണം വായിച്ച് വളരേണം, വായിച്ച് വായിച്ച് ആസ്വദിക്കേണം. ..വായിച്ച് വായിച്ച് വായിച്ച് മരിക്കേണം. ഇത് തന്നെയാണ് യേശുദേവൻ കോതമ്പുമണിയുടെ ഉപമയിലും പറഞ്ഞിരിക്കുന്നത്.

2009 ല്‍ എന്റെ ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിച്ചു (ആദ്യപുസ്തകത്തിന് ആശംസ എഴുതി അനുഗ്രഹിച്ചത് മാര്‍ ക്രിസോസ്റ്റം തിരുമേനിയാണ്. (ആശംസ അന്യത്ര) ഇന്നേക്ക് ഒരു വ്യാഴവട്ടം പൂര്‍ത്തിയാകുമ്പോള്‍ പുസ്തകങ്ങളുടെ എണ്ണം മുപ്പത്തി ഒന്നില്‍ എത്തി നില്‍ക്കുന്നു. പ്രസിദ്ധീകൃതമായ ഈ പുസ്തകങ്ങള്‍ എവിടെയൊക്കെ എത്തിയിട്ടുണ്ടാകും? ആരൊക്കെ ഇവയിലൂടെ ഒന്ന് കണ്ണോടിച്ചിട്ടുണ്ടാകും? ആര്‍ക്കറിയാം?

ഇവയെല്ലാം തന്നെ എന്റെ കൊച്ചുഗ്രാമത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ കിടന്ന് കറങ്ങുന്നുണ്ടാവും അലമാരികളിലും ആക്രികടകളിലും സുഖസുഷുപ്തിയിലാണ്ടു കിടക്കുന്നവയും ഉണ്ടാകും. കാരണം, എന്റെ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും മാത്രമാണ് ഇവ വിതരണം ചെയ്തിട്ടുള്ളത് ഇങ്ങനെ മതിയോ? ഒരു വലിയ ചോദ്യചിഹ്നം എന്റെ മനസ്സില്‍ ഉയരുകയാണ്.

പുതിയ രണ്ടു പുസ്തകങ്ങളുടെ പണിപ്പുരയിലാണ് ഞാനിന്ന്. അവയുടെ ഗതിയും ഇതുതന്നെയാവുമോ? ഇല്ല ഒരിക്കലുമില്ല. ഗതി അധോഗതിയിലേക്ക് തന്നെയോ ?, അതോ പുരോഗതിയിലേക്ക് ഒരു പുതിയ പാത വെട്ടിത്തുറക്കാന്‍ ഇടവരുമോ? തീര്‍ച്ചയായും അതുണ്ടാവും. അതിന്റെ ശംഖനാദമാണ് ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. ഒരു കുഗ്രാമത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടന്നിരുന്ന എന്റെ പുസ്തകങ്ങള്‍ പുതിയ വെളിച്ചം തേടി നീങ്ങുകയാണ്. അതിന്റെ കേളികൊട്ടാണ് അവിടെയും ഇവിടെയുമായി മുരണ്ടുകൊണ്ടിരിക്കുന്നത്. താമസം വിനാ കരയും കായലും കടന്ന് ദാഹിച്ചുവരണ്ട മനുഷ്യമനസ്സുകളിലേക്ക് തെളിനീരായി ഇവ ഒഴുകിയെത്തും വരണ്ടുണങ്ങിയ മരുഭൂമിയെ നീര്‍ച്ചാലുകളാക്കി മാറ്റാനുള്ള കഠിന പ്രയത്‌നത്തിലാണ് എന്റെ മനസ്സും ശരീരവും. അതിന് കൂട്ടായ പരിശ്രമം അനിവാര്യമാണ്. അതിലേയ്ക്കുള്ള ആദ്യകാല്‍വെയ്പ്പാണ് ഈ നവയുഗ സംരംഭം.

www.cherianpcherian.com എന്ന പേരില്‍ ഒരു പുതിയ വെബ്-സൈറ്റ് ഉദയംകൊള്ളാന്‍ പോകുന്നു. ശ്രീ. ലാല്‍ വലിയതാന്നിക്കലാണ് ഈ പുതിയ സംരംഭത്തിന്റെ നിര്‍മ്മാതാവും, സംവിധായകനും എല്ലാമെല്ലാം. അണിയറയില്‍ നിരവധി അഭിനേതാക്കള്‍ ആടിത്തിമിര്‍ക്കുന്നു. അവരുടെ അഭിനയ മികവ് ഈ പുതിയ വെബ്-സൈറ്റില്‍ നിങ്ങള്‍ക്ക് ദൃശ്യമാകും

31 പുസ്തകങ്ങള്‍ അടങ്ങുന്ന ഒരു ഗ്രന്ഥസമാഹാരമാണ് ഈ പുതിയ വെബ്-സൈറ്റിലൂടെ പ്രകാശിതമാകാന്‍ പോകുന്നത്. സാഹിത്യത്തിന്റെ എല്ലാ മേഖലകളെയും തൊട്ടുരുമ്മിയാണ് ഈ രചനകള്‍ കടന്നുപോകുന്നത്. കഥ, കവിത, ലേഖനം, ഹാസ്യവിമര്‍ശനം, ചരിത്രം, ബൈബിള്‍, യാത്രാവിവരണം, കല തുടങ്ങിയ ഒട്ടുമിക്കരംഗങ്ങളും രചനയ്ക്ക് വിഷയീഭവിച്ചിട്ടുണ്ട്.

അനുവാചകരുടെ ഇഷ്ടാനിഷ്ടങ്ങള്‍ എങ്ങനെയെന്ന് എനിക്കറിഞ്ഞുകൂടാ. “ഭിന്നരുചിര്‍ഹാഃ ലോക”, എന്നൊരു പഴമൊഴിയുണ്ട്. വ്യത്യസ്ഥ രുചിഭേദങ്ങളുടെ കൂട്ടായ്മയാണ് സമൂഹം. അവയ്ക്ക് അനുസൃതമായി വിഷയങ്ങളെ പല വിഭാഗങ്ങളായി ക്രോഡീകരിച്ചാണ് ഈ ഉദ്യമം നിങ്ങളുടെ കൺമുമ്പിൽ എത്തിച്ചേരുക.

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഈ നവ സംരംഭം താമസം വിനാ വായനക്കാര്‍ക്ക് മുന്നില്‍ തെളിഞ്ഞുവരും. അവയെ ആവോളം സ്വാംശീകരിക്കുവാന്‍ അനുവാചകര്‍ക്ക് കഴിയട്ടെ.

പ്രീയപ്പെട്ടവരുടെ ഇഷ്ടവായനയ്ക്ക് ഒരു മാര്‍ഗ്ഗസൂചി കൂടി ഞാന്‍ സൂചിപ്പിക്കട്ടെ. പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും അതേപടി പകര്‍ത്തിവെക്കാന്‍ ഞാന്‍ ഒരുക്കമല്ല. കരുത്തും, കാതലുമുള്ള ചുരുക്കം ചില പുസ്തകങ്ങള്‍, മുഴുവനായിത്തന്നെ ഉൾപ്പെടുത്തും. ശേഷിക്കുന്നവയില്‍നിന്ന് വിജ്ഞാനപ്രദമായ രചനകള്‍ സമാഹരിച്ച് വായനക്കാര്‍ക്ക് മുന്‍പില്‍ എത്തിക്കും.

ചുരുക്കത്തില്‍ ഈ നവയുഗസംരംഭത്തിലൂടെ അനുവാചകരുടെ മുന്‍പില്‍ വായനയുടെ ഒരു തുറന്ന തീന്‍മേശ ഒരുക്കുകയാണ് ഞാൻ. ഇഷ്ടവിഭവങ്ങള്‍കൊണ്ട് സമ്പന്നമായിരിക്കും ഈ ഭക്ഷണത്തളിക.
നിറത്തിലും, മണത്തിലും, രുചിയിലും ഇഴ ചേര്‍ന്നതാണ് ഈ സ്വാദിഷ്ട ഭോജ്യങ്ങള്‍. കയ്പ്പും, പുളിപ്പും, മധുരവും കലര്‍ന്ന് ഇത് നിങ്ങളെ വരവേല്‍ക്കും. ഈ അക്ഷയപാത്രത്തില്‍ നിന്നും വേണ്ടുവോളം
നിങ്ങൾക്ക് ആസ്വദിക്കാം. വ്യക്തികളുടെ രുചിഭേദാനുസരണം വേണ്ടത് വേണ്ടത്ര അളവില്‍ നിങ്ങള്‍ക്ക് സ്വീകരിച്ച്, ആസ്വദിച്ച് അനുഭവേദ്യമാക്കാം.

ഈ പുതിയ പരീക്ഷണത്തെ സഹൃദയരായ വായനക്കാര്‍ ഉള്ളുതുറന്നു സ്വീകരിക്കുക. വിമര്‍ശനങ്ങളും, വിലയിരുത്തലുകളും, സ്വാഗതം ചെയ്യുന്നു.

സ്‌നേഹാദരവുകളോടെ

ചെറിയാന്‍ പി. ചെറിയാന്‍
(സണ്ണിസാര്‍)
ഫോണ്‍- 9447768524
ഇരവിപേരൂര്‍
20-05-2022

ഗ്രന്ഥകര്‍ത്താവിനെപ്പറ്റി

പത്തനംതിട്ട ജില്ലയില്‍, തിരുവല്ല താലൂക്കില്‍, ഇരവിപേരൂരില്‍ 1941-ല്‍ ജനനം. ഹൈസ്‌ക്കൂള്‍ പഠനം ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹൈസ്‌കൂളില്‍. തിരുവല്ല മാര്‍ത്തോമ്മാ കോളജില്‍ മാത്തമാറ്റികിസ് ഐശ്ചിക വിഷയമെടുത്ത് 1963-ല്‍ രണ്ടാം ക്ലാസ്സോടെ ബിഎസ്സ്‌സി ബിരുദം നേടി. 1964-ല്‍ തിരുവല്ല ടൈറ്റസ് സെക്കന്റ് ടീച്ചേഴ്‌സ് ട്രയിനീംഗ് കോളജില്‍ നിന്ന് ബി.എഡ് ബിരുദം. 1963 മുതല്‍ സെന്റ് ജോണ്‌സ് ഹൈസ്‌കൂളില്‍ അദ്ധ്യാപകവൃത്തിയില്‍ പ്രവേശിച്ചു. 1972 ല്‍ എം. എസ് സി. പഠനത്തിന് ചങ്ങനാശ്ശേരിഎസ്.ബി കോളജില്‍ ചേര്‍ന്ന് 1974-ല്‍ രണ്ടാം ക്ലാസ്സോടെ എം.എസ്സ് സി പാസ്സായി. വീണ്ടും സെന്റ് ജോണ്‍സില്‍ അദ്ധ്യാപകവൃത്തിയില്‍ തുടര്‍ന്നു. 33 വര്‍ഷത്തെ അദ്ധ്യാപനത്തിനുശേഷം 1999-ല്‍ ഹെഡ്മാസ്റ്ററായി വിരമിച്ചു.

2009-ല്‍ ആദ്യപുസ്തകം പ്രസിദ്ധീകരിച്ചു. തുടര്‍ന്നുള്ള 12 വര്‍ഷങ്ങളായി 31 പുസ്തകങ്ങല്‍ എഴുതി പ്രസിദ്ധീകരിച്ചു.

2018 -ല്‍ സാഹിത്യ രചനയ്ക്കുള്ള നവോത്ഥാന ശ്രേഷ്ഠ പുരസ്‌ക്കാരത്തിനര്‍ഹനായി. ഇപ്പോള്‍ 2 പുസ്തകങ്ങളുടെ പണിപ്പുരയിലാണ്.
ഭാര്യ – ശ്രീമതി മേരി ചെറിയാന്‍ (റിട്ട. ഹെഡ്മിസ്ട്രസ്, എം.എം.എ ഹൈസ്‌കൂള്‍ മാരാമണ്‍.
മക്കള്‍ ദീപു – ദീപം (യു എസ് എ)
ദിലീപ് – ടീന (യുകെ)
ദീപ്തി – ജൂബിൻ (കാനഡ)
കൊച്ചുമക്കള്‍ – ദിയ, അയാന്‍, ആരന്‍

മേല്‍വിലാസം – ചെറിയാന്‍ പി ചെറിയാന്‍,  പ്ലാക്കീഴ് പുത്തന്‍പുരയില്‍
ഇരവിപേരൂര്‍, പിന്‍. 689542,

9447768524

mediagfx

Latest ekit news

Ekit Latest News